ജനാഭിമുഖ കുർബാന - വേണോ, വേണ്ടയോ?
തെരുവിൽ സമരം ചെയ്തു കുർബാന ക്രമം പരിഷ്കരിക്കുന്ന തലത്തിലേക്ക് സിറോ മലബാർ സഭ എത്തിയതു കാണുമ്പോൾ ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ വേദന തോന്നുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും ഒരിക്കലും സംഭവിക്കാൻ പാടി ല്ലാത്തതായിരുന്നു. കുർബാന ചൊല്ലുന്ന വൈദികന്റെ കൈയിൽ നിന്നും പുസ്തകവും മൈക്കും പിടിച്ചു വാങ്ങുക. എങ്ങനെയാണ് ഇത്തരം കൃത്യങ്ങൾ ചെയ്യാനുള്ള മനസ്സ് ഒരു ക്രൈസ്തവ വിശ്വാസിക്കു ഉണ്ടാകുന്നത്? ഇതിന്റെ പ്രധാന കാരണങ്ങൾ കണ്ടു പിടിക്കാൻ അധികം ബുദ്ധിമുട്ടേണ്ട, താഴെ പറയുന്നവയാണ്.
അതിൽ ഏറ്റവും പ്രധാനം ക്രൈസ്തവ വിശ്വാസിയിൽ നിന്നും ക്രിസ്തുവിനെ മാറ്റി പകരം പ്രഥമസ്ഥാനത്തു സഭയെ പ്രതിഷ്ടിച്ചു. സഭ സാവധാനം ഒരു കോർപ്പറേറ്റ് സ്ഥാപനമായി മാറി. സാമ്പത്തിക നിലനിൽപ്പിനായി സഭാ നേതൃത്വം രാഷ്ട്രീയത്തിൽ അമിതമായി ഇടപെടാൻ തുടങ്ങി. സഭാ പുരോഹിതരും, നേതൃത്വവുമെല്ലാം ഗൗരവതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായുള്ള വാർത്തകൾ തുടരെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ബഹു ഭൂരിപക്ഷം കേസ് കളിലും ശിക്ഷാ നടപടികൾ ഉണ്ടായതായി അറിയിപ്പുകളും കണ്ടിട്ടില്ല. ഇത്തരം നിലവാരത്തിൽ എത്തിച്ചേർന്ന സഭയിൽ നിന്നും എന്തും പ്രതീക്ഷിക്കുന്നു!
ഇനിയും കുർബാന അങ്ങോട്ടു തിരിഞ്ഞോ ഇങ്ങോട്ടു തിരിഞ്ഞോ വേണമോ എന്നു നോക്കാം. എങ്ങോട്ടു തിരിഞ്ഞാലും ഒരു ഫലവും ഉണ്ടാകാനില്ല. കാരണം ക്രിസ്തു വും കുർബാനയുമായി ഒരു ബന്ധവുമില്ല. ക്രൈസ്തവ വിശ്വാസം അനുസരിച്ചു മനുഷ്യ ജീവന്റെ പരമമായ ലക്ഷ്യം ഒന്നു മാത്രമാണ്, സ്വർഗ്ഗ പ്രാപ്തി. സ്വർഗത്തിൽ പ്രവേശിക്കാനുള്ള നിബന്ധന ഒന്നേ ഒന്നു മാത്രം, പാപ മോചിതമായ ഒരു ജീവൻ. സകല മനുഷ്യരുടെയും പാപങ്ങളുടെ ശിക്ഷയായി ദൈവം മനുഷ്യനായി അവതരിച്ചു ജീവൻ ബലി അർപ്പിച്ചു. ഈ ദിവ്യ ബലി സ്വന്തം പാപ മോചനത്തിനു വേണ്ടിയാണെന്നു വിശ്വസിക്കുന്ന ഏതു മനുഷ്യനും സ്വർഗ്ഗരാജ്യത്തിനു അർഹരാകും. ഇവിടെ കുർബാനയ്ക്കും കുമ്പസരത്തിനും ഒരു പ്രാധാന്യ വുമില്ല, ഫലവുമില്ല. അപ്പോൾ എങ്ങോട്ടു തിരിഞ്ഞു വേണമെങ്കിലും ചൊല്ലാം.
ഇതൊന്നും പറയാൻ സ്വയം ആഗ്രഹിച്ചതല്ല, നിർബന്ധിത നായതാണ്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.
കെ വി ജോർജ്
Comments
Post a Comment