യാക്കോബായ ഓർത്തഡോൿസ് സഭാ തർക്കം - ഒരു പരിഹാര മാർഗ്ഗം
യാക്കോബായ ഓർത്തഡോൿസ് സഭകളുടെ ഒരു ശതാബ്ദത്തിലേറെ പഴക്കമുള്ള തർക്കം പരിഹരിക്കാൻ അർഹരും അനർഹരുമായ പലരും ഇതിനോടകം ഇടപെട്ടു കഴിഞ്ഞു. ഇരു സഭകൾക്കും സ്വീകാര്യമായ ഒരു പരിഹാരമാർഗം ആർക്കും ഇതുവരെ നിർദേശിക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ഇന്ത്യയുടെ പരമോന്നത കോടതിക്കു വരെ ഇതിൽ ഇടപെടേണ്ടി വന്നു. അതും പ്രശ്നപരിഹാരത്തിനു വഴി തുറന്നില്ല.
എല്ലാ പ്രശ്നങ്ങൾക്കും ക്രിസ്തുവിൽ പരിഹാരം കാണാൻ വിശ്വാസികളോട് ഉപദേശിക്കുന്ന വൈദികർ ഈ പ്രശ്നത്തിനു ക്രിസ്തുവിൽ പരിഹാരം നേടാൻ കഴിയാതെ പോകുന്നതു കാണുമ്പോൾ വേദന തോന്നുന്നു. കാരണം ഇവിടെ പ്രശ്നം ക്രിസ്തുവോ വിശ്വാസമോ അല്ല, പള്ളികൾ അഥവാ സ്വത്ത് എന്ന കീറാമുട്ടി ആണ്. ഇരു വിഭാഗവും വിട്ടു വീഴ്ചയ്ക്കു തയ്യാറാകാത്ത സ്ഥിതിയിൽ ഇതിനൊരു പരിഹാരം സമീപ ഭാവിയിൽ ഉണ്ടാകുമെന്നു തോന്നുന്നില്ല.
ഈ സാഹചര്യത്തിൽ യാതൊരു വ്യക്തി താല്പര്യവുമില്ലാത്ത ഈ എളിയവന്റെ അഭിപ്രായം അറിയിക്കുന്നു. ഇതു അംഗീകരിക്കുന്നുവെങ്കിൽ അതു സമയോചിതമായി നടപ്പാക്കേണ്ടത് വൈദിക ശ്രേഷ്ഠരും യഥാർത്ഥ തീരുമാനം എടുക്കുന്നതു സാധാരണ വിശ്വാസികളും ആയിരിക്കും. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്. അതുകൊണ്ടു ഈ സഭാ പ്രശ്നവും ജനാധിപത്യരീതിയിൽ തന്നെ നമുക്കു പരിഹരിക്കാം. ഓരോ പള്ളിയും ആരുടേതായിരിക്കണ മെന്നു തീരുമാനിക്കാനുള്ള അവകാശം അതാതു പള്ളികളുടെ നിലവിലുള്ള അംഗീകൃത അംഗങ്ങൾക്കു നൽകണം. ഓരോ പള്ളിയും ഏതു വിഭാഗം ഏറ്റെടുക്കണമെന്നുള്ള തീരുമാനം അവിടുത്തെ അംഗങ്ങൾ വോട്ട് ചെയ്തു എടുക്കട്ടെ. നിലവിലുള്ള വോട്ടവകാശം അനുസരിച്ചുള്ള രീതികൾ തന്നെ ഇവിടെയും അവലംബിക്കാം. അതിനു ശേഷം ആരാധനാ വിഷയങ്ങൾ ഇരു വിഭാഗത്തിൽ പെട്ട അംഗങ്ങൾ കൂട്ടായി തീരുമാനിച്ചു നടപ്പാക്കട്ടെ.
ഈ ആശയം നടപ്പാക്കുമെന്നു വിശ്വസിക്കട്ടെ. ബഹുമാനപെട്ട വൈദിക ശ്രേഷ്ഠർ ഇതു നടപ്പാക്കാൻ തീരുമാനിച്ചാൽ ഓരോ പള്ളിയുടെയും യഥാർത്ഥ ഉടമകളും അവകാശികളുമായ അവിടുത്തെ അംഗങ്ങൾ തങ്ങളുടെ അഭിപ്രായം വോട്ട് ആയി രേഖപ്പെടുത്തി പ്രസ്തുത പള്ളി ഏതു വിഭാഗത്തിന്റെ ഉടമസ്ഥതയിൽ ആയിരിക്കണമെന്ന് തീരുമാനിക്കട്ടെ.
സമരങ്ങളും, സത്യാഗ്രഹവും, ഉപവാസവുമൊന്നും പ്രശ്നപരിഹാരത്തിനായി ക്രിസ്തു നൽകിയ ഉപദേശങ്ങളിൽ പെടുന്നില്ല.
KV George
kvgeorgein@gmail.com
Comments
Post a Comment