സഭാ തർക്കവും വിശ്വാസ പ്രഖ്യാപനവും

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം ലോകത്തിനു മാതൃകയാണെന്നും അതൊരു വിദേശ ശക്തിക്കും അടിയറ വയ്ക്കരുതെന്നും,  - ഓർത്തഡോൿസ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയെൻ കാതോലിക്ക ബാവ (പത്ര വാർത്ത - 18.11.2019)

ഇരു സഭകൾ തമ്മിലുള്ള തർക്കത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ് 'വിദേശ ശക്തി '. മനുഷ്യരെ മനുഷ്യരായി കണ്ടു സ്നേഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റെ പിൻഗാമികൾ  തങ്ങളെ കോട്ടയംകാരായും,  കേരളീയരായും,  ഇന്ത്യക്കാരായും,  വിദേശികളായും വിഭജിക്കുന്നതു ഉചിതമാണോ? സാക്ഷാൽ യേശു ക്രിസ്തു മലയാളിയോ ഇന്ത്യാക്കാരനോ അല്ല. മേരിയും ജോസഫ് ഉം ഇന്ത്യാക്കാരല്ല. ക്രിസ്തു വിന്റെ ശിക്ഷ്യൻമാർ ആരും തന്നെ നമ്മുടെ നാട്ടുകാരല്ല. "ഈ തൊഴുത്തിൽ പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാൻ കൊണ്ടു വരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും.  അങ്ങനെ ഒരാട്ടിൻ പറ്റവും ഒരിടയനുമാകും." (ജോൺ 10:16) ഇതു അരുളിചെയ്ത ക്രിസ്തു നാഥനെ നമ്മൾ മനസിലാക്കാൻ ശ്രമിക്കുന്നുണ്ടോ?  അതോ,  അതു അന്നേരം കാണാം എന്നാണോ? 

ഇനിയും, നമ്മൾ നടത്തുന്ന ഈ വിശ്വാസ പ്രഖ്യാപനത്തിനു എന്തെങ്കിലും അർത്ഥമുണ്ടോ? "നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്,  ഇവിടെ നിന്നു മാറി മറ്റൊരു സ്ഥലത്തേക്കു പോകുക, എന്നു പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്കു യാതൊന്നും അസാധ്യ മായിരിക്കുകയില്ല." (മത്തായി 17:20-21) ഇതു യേശു ക്രിസ്തു തമാശയായി പറഞ്ഞതല്ല. തന്റെ ആത്മാവിനെ ആരു ഉൾകൊള്ളുന്നുവോ അവർക്ക് ഒന്നും അസാധ്യം ആയിരിക്കുകയില്ലെന്നു ഇതു വ്യക്തമാക്കുകയാണ്. താഴെ വീണു കിടക്കുന്ന ഒരു പഴുത്ത ഇല മറിച്ചിടാൻ തക്ക വിശ്വാസമുള്ള ഒരു ക്രിസ്താനി ഇന്നു ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ?  അപ്പോൾ ഈ വിശ്വാസ പ്രഖ്യാപനം നടത്തുന്ന ഓരോരുത്തരും ഉറപ്പു വരുത്തേണ്ട ഒന്നുണ്ട്. എന്താണു നാം പ്രഖ്യാപിക്കുന്നത്,  ആരോടാണു പ്രഖ്യാപിക്കുന്നത്. 

അതുകൊണ്ടാണ് കർത്താവു പറഞ്ഞത് : "എങ്കിലും,  മനുഷ്യപുത്രൻ വരുമ്പോൾ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ? " (ലൂക്ക 18:8)  മനുഷ്യ നിർമിതമായ സർവ്വ സഭാ ചട്ടങ്ങളും വ്യവസ്ഥകളും അണുവിട തെറ്റാതെ തങ്ങളുടെ വിശ്വാസ സമൂഹത്തെ പഠിപ്പിക്കുന്ന സഭാ മേലദ്ധ്യക്ഷൻമാർ ഒന്നു മാത്രം മനഃപൂർവം വിട്ടു കളയുന്നു. "നീ നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ മനസ്സോടും കൂടെ സ്നേഹിക്കുക. ഇതാണ് പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിനു തുല്യം തന്നെ. അതായത്, നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. ഈ രണ്ടു കല്പനകളിൽ സമസ്ത  നിയമവും പ്രവാചകൻമാരും അധിഷ്ഠിത മായിരി.ക്കുന്നു. " (മത്തായി 22:37-40)  മോശയുടെ നിയമത്തിനു പ്രാധാന്യം കൊടുക്കുന്ന സഭകൾ തൽസ്ഥാനത്തു ക്രിസ്തുവിന്റെ ഈ നിയമങ്ങൾക്കു പ്രാധാന്യം കൊടുത്താൽ വിവിധ ക്രൈസ്തവ സഭകളിൽ ഇന്നു നില നിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കപ്പെടുകയില്ലേ? 

സർവോപരി,  ക്രിസ്തുവിനെ മുറുകെ പിടിക്കുന്നവരാണ് തങ്ങൾ എന്നു ഉദ്ഘോഷിക്കുന്ന ഒരു വൈദികരും ബലി അർപ്പിക്കാൻ യോഗ്യരല്ലെന്നുള്ളതു കേവലം ഒരു യാഥാർഥ്യം മാത്രമാണ്. മത്തായി 5:23-24 ഇതു അസന്നിഗ്ധമായി വ്യക്തമാക്കുന്നു. "നീ ബലി പീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ,  നിന്റെ സഹോദരനു നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നു അവിടെ വച്ചു ഓർത്താൽ,  കാഴ്ചവസ്തു അവിടെ ബലി പീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യതപ്പെടുക,  പിന്നെ വന്നു കാഴ്ചയർപ്പിക്കുക "  ഈ വചനകളെല്ലാം സൗകര്യപൂർവ്വം നാം വിസ്മരിക്കുകയാണ്. ക്രിസ്തുവിനും സ്വർഗ്ഗരാജ്യത്തിനും ഉപരിയായി നാം ഇന്നു ധനത്തെയും അധികാരത്തെയും ആണ്‌ കാംഷിക്കുന്നതെന്നുള്ളത് ഒരു പൂർണ സത്യമാണ്.  ഇന്നു എല്ലാ സഭകളിലും നില നിൽക്കുന്ന തർക്കങ്ങളുടെയും പിന്നിൽ ധനമോഹവും അധികാര ദാഹവുമാണ് ഏറ്റവും പ്രധാനമായുള്ളത്. 

ഇരു സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ രാജ്യത്തെ പരമോന്നത നീതിപീഠം ഇടപെട്ടിട്ടു പോലും വിട്ടു വീഴ്ചക്കു  തയ്യാറാകാൻ രണ്ടു ചേരികളുടെയും നേതൃത്വത്തിന് കഴിഞ്ഞില്ലെന്നുള്ളത് വളരെ ദയനീയമായ ഒരു വസ്തുതയാണ്. ക്രിസ്തുവിന്റെ സ്നേഹത്തിൽ വിശ്വസിക്കുന്നവരാണ് വന്ദ്യ പുരോഹിത ശ്രേഷ്ഠരെങ്കിൽ നിങ്ങൾ ഇരുവരും ചേർന്നു ഒരു പരിഹാര ശ്രമം നടത്തുന്നതിൽ അനുചിതമായി ഒന്നും തന്നെ ഇല്ല. ഏറ്റവും ഫലപ്രദമായ മാർഗം ഒരു വൺ ടു വൺ (one to one) ചർച്ചയാണ്. ഇരു ശ്രേഷ്ഠ ബാവമാരും ചേർന്നു സൗകര്യമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. അവിടെ സമയ പരിധിയില്ലാതെ ഒരു ചർച്ച നിശ്ചയിക്കുക. ശ്രേഷ്ഠ ബാവമാരല്ലാതെ മറ്റാരെയും ചർച്ചാവേദിയിൽ അനുവദിക്കാതിരിക്കണം. ഒരു തീരുമാനം എടുത്തിട്ടേ ചർച്ച അവസാനിപ്പിക്കൂ എന്ന ഉറച്ച  നിലപാടെടുക്കണം. എങ്കിൽ ഈ തർക്കങ്ങൾ എന്നേക്കുമായി പരിഹരിക്കാം. 

സമാദാനപൂര്ണമായ പ്രശ്ന പരിഹാരത്തിനായി ക്രിസ്തു വിന്റെ കൃപ ഉണ്ടാകുമാറാകട്ടെ. 

KV George
kvgeorgein@gmail.com

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY