ദേശീയ, സംസ്ഥാന ക്രൈം റെക്കോർഡ് ബ്യൂറോകൾ
നമ്മുടെ രാജ്യത്തു പിടിക്ക പ്പെടുന്ന എല്ലാ കുറ്റകൃത്യങ്ങളും ഇനം തിരിച്ചു രേഖപ്പെടുത്തി ബന്ധപ്പെട്ടവർക്കു സമർപ്പിക്കുന്നതു ക്രൈം റെക്കോർഡ് ബ്യുറോ ആണ്. ഈ റിപ്പോർട്ടുകൾ മാധ്യമങ്ങളിലൂടെ സമയാസമയം പ്രസിദ്ധീകരിക്കുന്നതിലൂടെ നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ചു ജനങ്ങളിൽ അവബോധം സൃഷ്ടിക്കപ്പെടുകയും, ബന്ധപ്പെട്ട അധികാരികൾ കുറ്റകൃത്യങ്ങൾ തടയാനുള്ള വഴികൾ കണ്ടുപിടിക്കുകയും ചെയ്യും. എന്നാൽ തുടർച്ചയായി നടക്കുന്ന കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷിച്ചാൽ ഒരുകാര്യം വ്യക്‌തമാകും, ഇവയെ ഇല്ലാതാക്കാനുള്ള ഒരു ശ്രമം ബന്ധപ്പെട്ട അധികാരികളിൽ നിന്നും ഉണ്ടാകുന്നില്ല എന്ന സത്യം.
ഈ റിപ്പോർട്ടുകളുടെ പരമമായ ഉദ്ദേശ്യം തന്നെ കുറ്റകൃത്യങ്ങളെ പൂർണമായി തുടച്ചു നീക്കുക എന്നാണ്. കുറ്റകൃത്യങ്ങൾ തടയാൻ എല്ലായിടത്തും നിലനിൽക്കുന്ന രണ്ടു അടിസ്ഥാന ഘടകങ്ങളാണ് പോലീസും കോടതിയും. എന്നാൽ ഇവ കൂടാതെ കുറ്റകൃത്യങ്ങളെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിൽ മൂന്ന് സ്ഥാപനങ്ങൾ കൂടിയുണ്ട്. അതാണു മാതാപിതാക്കൾ, വിദ്യാലയങ്ങൾ പിന്നെ മത പാഠശാലകൾ. എന്നാൽ, നമ്മുടെ സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ പൂർണമായി തുടച്ചു നീക്കാൻ പറ്റുന്ന ഒരു ഉപാധിയായി വിദ്യാലയങ്ങളെ നാം കാണാൻ തുടങ്ങിയിട്ടില്ല. അതു പോലെ തന്നെ കുറ്റകൃത്യ നിർമാർജ്ജനത്തിൽ മത പാഠശാലകൾക്കും വലിയ പങ്കു വഹിക്കാൻ കഴിയും. അതിനാൽ രണ്ടു കാര്യങ്ങൾ ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഒന്നു, ക്രൈം റിപ്പോർട്ടുകൾ എല്ലാ മാസവും പ്രസിദ്ധീകരിക്കണം. കുറ്റകൃത്യങ്ങളെ തരം തിരിച്ചു നൽകുന്നതിനൊപ്പം കുറ്റവാളികളുടെ മതം കൂടി ഉൾപ്പെടുത്തണം. ഇങ്ങനെ ചെയ്താൽ ഓരോ മത മേലധികാരികളും തങ്ങളുടെ മതത്തിൽ പെട്ട കുറ്റവാളികളെ കണ്ടു അവരെ തിരുത്തി നേർവഴിയിലേക്കു കൊണ്ടുവരാൻ ശ്രമിക്കും. കാരണം, കുറ്റവാളികൾ ഇല്ലാതായാൽ മാത്രമേ അവർക്കു തങ്ങളുടെ മതത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനാവു.
കെ വി ജോർജ്
Comments
Post a Comment