നമ്മുടെ ജനാധിപത്യം തിരുത്തപ്പെടേണ്ടതല്ലേ?


1947 ൽ ഇന്ത്യ ബ്രിട്ടീഷ് കാരിൽ നിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും, ഇന്ത്യക്കാർ ഉടനെ തന്നെ ഇവിടുത്തെ  രാഷ്ട്രീയ പാർട്ടികൾക്ക്‌ അടിമയാകുക ആയിരുന്നു. ആ അടിമത്വത്തിൽ നിന്നും ഇന്നും മോചനം ലഭിച്ചിട്ടില്ല. ഉടനെ എങ്ങും ലഭിക്കാനും പോകുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്നു നമ്മൾ വീമ്പു പറയാറുണ്ടെങ്കിലും, ലോകത്തെ രണ്ടാമത്തെ വലിയ അടിമത്വരാജ്യമെന്നു പറയുന്നതാകും ശരി. (ഒന്നാമത്തെതു ചൈന).

ഓരോ അഞ്ചു വർഷം കൂടുമ്പോഴും പോളിങ് ബൂത്തിൽ പോയി EVM ൽ വിരലമർത്തുക എന്ന പ്രക്രിയയിൽ ഓരോ ഇന്ത്യക്കാരന്റെയും ജനാധിപത്യ അവകാശങ്ങൾ പരിമിതമായിരി ക്കുകയാണ്. മറ്റൊരു കാര്യത്തിലും അവനു അവകാശവും അധികാരവും ഇല്ല. നാം വാങ്ങുന്ന ഉത്പന്നങ്ങൾക്കു സർക്കാർ വിലയുടെ ഇരട്ടിയിലേറെ നികുതി ചുമത്തുന്നു. സഹിക്കുകയല്ലാതെ മറ്റു മാർഗ്ഗമില്ല.

നമ്മുടെ പണം നമ്മളറിയാതെ വിദേശത്തേക്ക് കടത്തിക്കൊണ്ട് പോകുന്നു. സർക്കാർ കൈ മലർത്തുന്നു. ദിനം പ്രതിയുള്ള പത്രവാർത്തകൾ കണ്ടു നാം അത്‍ഭുതപ്പെടുകയാണ്‌. ജനങ്ങൾ ബാങ്കിൽ നിക്ഷേപിക്കുന്ന വൻ തുകകൾ ബാങ്കുകളുമായി ബന്ധപ്പെട്ടവർ തന്നെ മോഷ്ടിച്ചു കൊണ്ടു പോകുന്നു. സർക്കാർ അറിഞ്ഞ ഭാവമേ നടിക്കുന്നില്ല. നമ്മൾ തെരഞ്ഞെടുത്ത സർക്കാർ തന്നെയാണ് ഇതു കണ്ടുകൊണ്ടിരിക്കുന്നത്.

സ്ത്രീ സുരക്ഷയെപ്പറ്റി സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും കൊട്ടി ഘോഷിക്കുന്നുണ്ട്. എന്നാൽ ആക്രമണ വിധേയയായ ഒരു സ്ത്രീ പരാതി നൽകാൻ പോലീസ് സ്റ്റേഷനിൽ ചെന്നാൽ പരാതി സ്വീകരിക്കാതെ മടക്കി അയച്ച സംഭവങ്ങൾ പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യാറുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ നിർദേശമനുസരിച്ചു കൊലപാതകങ്ങൾ നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ തുടർച്ചയായി പറയുന്നു. ഭരണഘടനാ സ്വാതന്ത്ര്യം അനുസരിച്ചു അഭിപ്രായം പറയുന്നവരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടയ്ക്കു ന്നു. ഒരാൾ കൊലപാതകം ചെയ്യുന്നു, മറ്റൊരാൾ പ്രതിഫലം വാങ്ങി കുറ്റം ഏറ്റെടുത്തു ജയിലിൽ പോകുന്നു. ഇതൊന്നും തങ്ങളുടെ അറിവോടെയല്ല എന്നു സർക്കാരും ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളും പറയുന്നു.
ഇതിനെയെല്ലാം നമ്മൾ ജനാധിപത്യമെന്നു വിളിക്കുന്നു. പണ്ടൊക്കെ ആളുകൾ മോഷ്ടിക്കുന്നത് തേങ്ങയും, മാങ്ങയും ഒക്കെ ആയിരുന്നു. ഇപ്പോഴത്തെ മോഷണം 100 കോടിയും 1000 കോടിയും ഒക്കെ ആണ്. പണ്ട് ഒളിച്ചിരിക്കുന്നത് കാട്ടിലും മലയിമൊക്കെ ആയിരുന്നെങ്കിൽ ഇന്ന് ഒളിക്കുന്നതു വലിയ സുഖവാസ കേന്ദ്രങ്ങളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലാണ്. ജനാധിപത്യം വളർന്നപ്പോൾ കള്ളന്മാരുടെ നിലവാരവും വളർന്നു.

നമ്മുടെ ജനാധിപത്യം കാലഹരണപ്പെട്ടതും ജീർണിച്ചതുമാണ്. ഒരു മോചനത്തിനായി നമുക്കു മറ്റൊരു ഗാന്ധിയെ കാത്തിരിക്കാനില്ല. നാം സ്വയം ഈ ബന്ധനത്തിൽ നിന്നും പുറത്തു വന്നേ പറ്റൂ. ഇതിനായി അക്രമ സമര മാർഗ്ഗങ്ങൾ ഒരിക്കലും അവലംബിക്കരുത്. ലഭ്യമായ നിയമത്തിനുള്ളിൽ നിന്നുകൊണ്ടു കോടതിയുടെ സഹായത്തോടുകൂടിയ ഒരു മാർഗത്തെപ്പറ്റി മാത്രമേ ചിന്തിക്കാവൂ. ഒരു നാഷണൽ റെഫറണ്ടം മാത്രമാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. നിലവിലുള്ള കുത്തഴിഞ്ഞ രാഷ്ട്രീയ സംവിധാനത്തെ പൂർണമായും നിയമ വിധേയമാക്കിയില്ലെങ്കിൽ നമ്മുടെ രാജ്യത്തു നിയമരാഹിത്യം നടമാടും. നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ തിരുത്തലുകൾ നിയമവിധേയമായി വരുത്തണം.

സാമ്പത്തികമായി ലോകോത്തര നിലവാരം പുലർത്താൻ ശേഷിയുള്ള രാജ്യമാണ് ഇന്ത്യ. പക്ഷെ നമ്മുടെ ജനസംഖ്യയുടെ ഏതാണ്ടു നാലിലൊന്ന് ഇപ്പോഴും പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുന്നവരാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കർമ്മശേഷിയുള്ള യുവജനങ്ങളുടെ രാജ്യമാണ് ഇന്ത്യ. പക്ഷെ അവരിൽ ബഹുഭൂരിപക്ഷവും തൊഴിലില്ലാതെ അലയുകയാണ്.

ഒരു രാജ്യത്തിന്റെ സ്വത്ത്‌ അവിടെ ലഭിക്കുന്ന പ്രകൃതി വിഭവങ്ങളും അതു പാകപ്പെടുത്തി എടുക്കാനുള്ള മനുഷ്യ ശക്തിയുമാണ്. ഇതു രണ്ടിലും നമ്മൾ ആരുടെയും പിന്നിലല്ല. എങ്കിലും നമ്മൾ ഒരു അവികസിത ദാരിദ്ര രാജ്യമായി അറിയപ്പെടുന്നു. ഇതിനുത്തരവാദികൾ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ മാത്രമാണ്. (ഈ ഉത്തരവാദിത്തത്തിൽ നിന്നും ഇവിടുത്തെ ജനങ്ങൾക്ക് ഒരിക്കലും ഒഴിഞ്ഞു മാറാനാവില്ല.) ലോകത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇന്ത്യ. ധാരാളം ജനങ്ങൾക്കു താമസിക്കാൻ ഒരു കൂര ഇല്ലാത്തപ്പോൾ ഭഗവാനു വീടു പണിയാൻ പണം സ്വരൂപിക്കുന്ന ഒരേ ഒരു രാജ്യമായിരിക്കും നമ്മുടേത്. നിയമ നിർമാണ സഭകളിൽ ഇത്രയേറെ ക്രിമിനലുകൾ ഉള്ള മറ്റൊരു രാജ്യം ഉണ്ടാവില്ല. സ്ത്രീകൾക്ക്‌ ഏറ്റവും അസുരക്ഷിതമായ രാജ്യമായിരിക്കും ഇന്ത്യ.

നമ്മുടെ രാജ്യത്തെ ഭരണഘടനയിൽ തിരുത്തലുകൾ ആവശ്യമല്ലേ? എങ്കിൽ നമുക്ക് ഒന്നു ചേർന്നു നിയമവിധേയമായി അതു നടപ്പാക്കാം.

കെ വി ജോർജ് 

Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY