കുട്ടികൾ കൂടുതൽ ഭാഷകൾ പഠിക്കട്ടെ
ത്രി ഭാഷ പഠന രീതി കുറേ വർഷങ്ങളായി നമ്മുടെ നാട്ടിൽ നിലവിലുണ്ട്. പ്രധാനമായും മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് ഈ മൂന്നു ഭാഷകൾ. ഇവയിൽ മലയാളത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കണമെന്ന് വാദിക്കുന്നവരുമുണ്ട്. സയൻസ്, എഞ്ചിനീയറിംഗ് വിഷയങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തണമെന്നും മലയാളം മാധ്യമത്തിൽ പഠിപ്പിക്കണമെന്നും ചിലർ പറയുന്നുണ്ട്. അതും നല്ലതാണ്. നമ്മുടെ ഭാഷ തീർച്ചയായും വികസിക്കും.
പക്ഷെ എഞ്ചിനീയറിംഗ്, മെഡിക്കൽ പഠനങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റിയാൽ നമ്മുടെ യുവജനങ്ങ ളുടെ തൊഴിലവസരങ്ങൾ കേരളത്തിൽ തന്നെ സൃഷ്ടിക്കേണ്ടതായി വരും. അതു സാധ്യമാണോ എന്നു ഉറപ്പു വരുത്തേണ്ടി വരും. ഹിന്ദിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാൻ അറിയാമെങ്കിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ജീവിച്ചു പോകാം. അതു പോലെ ഇംഗ്ലീഷും താഴെ കൊടുത്തിരിക്കുന്ന മറ്റൊരു ഭാഷയും കൂടി അറിയാമെങ്കിൽ ലോകത്തിലെ തന്നെ ധാരാളം രാജ്യങ്ങളിൽ പോയി ജോലി ചെയ്യാം.
ഇപ്പോൾ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ ഭാഗവും വിദേശമലയാളിയുടെ തോളിലാണ്. അതില്ലാതായാൽ നമുക്ക് വരുമാനത്തിനു മദ്യവും ലോട്ടറിയുമെ ഉണ്ടാകു. തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ ധാരാളം സാധ്യതകൾ ഉണ്ടെങ്കിലും നമ്മുടെ സർക്കാരുകൾ അതിനൊന്നും ശ്രമിക്കാറില്ല.
നമ്മുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകാൻ വേണ്ടത്ര കർമപരിപടികൾ രൂപപ്പെടുത്തണം. നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ വേണ്ടത്ര മാറ്റം വരുത്തണം. 12- ക്ലാസ്സ് വരെയുള്ള സിലബസ്സിൽ സാമൂഹിക സാങ്കേതിക വിഷയങ്ങളോടൊപ്പം നാം ഇന്നു നമ്മുടെ സമൂഹത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കൂടി ഉൾപെടുത്തണം. അതായത് അഴിമതി, കൈക്കൂലി, സ്ത്രീ സുരക്ഷ, ലഹരി ഉപയോഗം, പൊതു ശുചിത്വം, അമിത രാഷ്ട്രീയം തുടങ്ങിയ മുതിർന്നവർക്ക് പരിഹരിക്കാൻ പറ്റാത്ത വിഷയങ്ങൾ കൂടി നാളത്തെ തലമുറ പഠിക്കട്ടെ.
നിലവിലുള്ള മൂന്നു ഭാഷകൾ പഠിക്കുന്നതിനൊപ്പം ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ജാപ്പനീസ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഭാഷകൾ കൂടി പഠിക്കുന്നതിനുള്ള അവസരം കുട്ടികൾക്കു നൽകണം. സിലബസിൽ ഉൾപ്പെടുത്തുകയോ നിർബന്ധമാക്കുകയോ ചെയ്യരുത്. അതു അവരുടെ താല്പര്യമനുസരിച്ചു സ്വകാര്യ സ്ഥാപനങ്ങൾ വഴി പഠിക്കാനുള്ള അവസരം ഉണ്ടാക്കണം.
നാട്ടിൽ തന്നെ നിൽക്കാൻ താല്പര്യമുള്ളവർ അവർക്കിഷ്ടമുള്ളതു പോലെ മലയാളം പഠിക്കട്ടെ. വിദ്യാഭ്യാസ രൂപീകരണത്തിൽ വേണ്ടത്ര നവീകരണങ്ങൾ വരുത്താൻ ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണം. നാളത്തെ നമ്മുടെ തലമുറ ലോക നിലവാരം പുലർത്തുന്നവരും സന്തോഷമുള്ളവരും ആയിരിക്കട്ടെ.
കെ വി ജോർജ്
Comments
Post a Comment