സ്ത്രീ സുരക്ഷ - കേരളത്തിൽ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു കൊണ്ടിരിക്കുന്നതു സ്ത്രീകളുടെ ആത്‍മഹത്യകളുടെ ദയനീയമായ സംഭവങ്ങളാണ്. സംസ്ഥാന, കേന്ദ്ര ഗവണ്മെന്റ് കൾ അതീവ ശ്രദ്ധ നൽകേണ്ട ഒരു വിഷയമാണിത്. സ്ത്രീധനവുമായി ബന്ധപ്പെട്ട 2075 കേസ് കളാണ് 2020 ൽ രജിസ്റ്റർ ചെയ്തതു. ഈ വർഷം മെയ്‌ 31 വരെ  ഇതു 1080 ആയിട്ടുണ്ട്. ഇവയെല്ലാം പലതരം കുടുംബ കലഹമായും ഭർതൃപീഡനമായും ഒക്കെ പറയപ്പെടുന്നുന്നുണ്ടെങ്കിലും അടിസ്ഥാന ഘടകം സ്ത്രീധനം തന്നെയാണ്.

ഭാര്യവീട്ടുകാർ നൽകിയ കാറിന്റെ ബ്രാൻഡ് മായി ഭർത്താവിനും വീട്ടുകാർക്കും പൊരുത്തപ്പെടാൻ കഴിയാതെ പോയതാണ് കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി മരണപ്പെടാൻ കാരണമായതത്രെ. ഇത്തരം ധാരാളം സംഭവങ്ങളാണ് നമ്മുടെ രാജ്യത്തു ദൈനം ദിനം നടന്നു കൊണ്ടിരിക്കുന്നത്. ദേശീയ കണക്കു പ്രകാരം ഭർതൃ പീഡനം അനുഭവിക്കുന്നതിൽ 86% പേരും ആരോടും പരാതിപ്പെടാതെ നിശബ്ദമായി സഹിച്ചുകൊണ്ടിരിക്കുന്നു. 77% പേർ ആരെയും അറിയിക്കുക പോലുമില്ല. എങ്ങനെ അവർ പരാതിപ്പെടും. സതി ദേവിയുടെ മഹത്വങ്ങളും, സമർപ്പണവു മൊക്കെയല്ലേ ചെറുപ്പം മുതൽ അവരുടെ മനസ്സിൽ ഇടിച്ചു കയറ്റിയിരിക്കുന്നത്. 2019ൽ 4.05 ലക്ഷം കുറ്റകൃത്യങ്ങളാണ് ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടന്നിട്ടുള്ളത്. അതിൽ 1.26 ലക്ഷം (30%) ഭർതൃപീഡനമാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. 2020 മാർച്ച്‌ 25 നും മെയ്‌ 31 നുo ഇടയ്ക്ക് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ 1477 ആണ്. ഇതു കഴിഞ്ഞ പത്തു വർഷങ്ങളിലെ ഏറ്റവും വലിയ സംഖ്യയാണ്.

നാം ഇന്ത്യക്കാർ നമ്മുടെ ആർഷഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുമ്പോൾ യൂറോപ്യൻ സംസ്കാരത്തെ നാം കുറ്റപ്പെടുത്തരുത്. അവരുടെ സംസ്കാരത്തിൽ എന്തൊക്കെ കുറ്റങ്ങൾ നാം ആരോപിച്ചാലും അവിടെയുള്ള സ്ത്രീകൾ സംതൃപ്തരാണ്. അവിടെയൊക്കെ നിയമം പാലിക്കപ്പെടാനുള്ളതാണെന്ന ബോധം ജനങ്ങൾക്കുണ്ട്. നമ്മുടെ രാജ്യത്തും നിയമം ടൺ കണക്കിനുണ്ട്. എല്ലാ നിയമങ്ങൾക്കും രക്ഷപെടാനുള്ള പഴുതുകളും നൽകിയിട്ടുണ്ട്. നിയമങ്ങൾ കൊണ്ടും ശിക്ഷയുടെ കാഠിന്യം കൊണ്ടും നമ്മുടെ രാജ്യത്തു കുറ്റകൃത്യങ്ങൾ കുറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങളെ വേരോടെ പിഴുതു കളയേണ്ടി വരും. അതിനു ഒരു വഴിയേയുള്ളൂ. ചെറുപ്പം മുതലേ ആവശ്യമായ ശിക്ഷണം നൽകുക. സ്കൂളുകൾ തന്നെയാണ് ഇതിനു ഉചിതമായ സ്ഥലം. ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കുന്നതിനൊപ്പം ഒരാളെ തികഞ്ഞ മനുഷ്യനായി വളർത്തേണ്ടതും സ്കൂളുകളുടെ തന്നെ ഉത്തരവാദിത്തം ആണ്. ഇതിന്റെ കൂട്ടുത്തരവാദിത്വം കുടുംബത്തിനും, സമൂഹത്തിനും, സർക്കാരിനുമുണ്ട്. നാലാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള സില്ലബസ് കളിൽ ഇതിനാവശ്യമായ പാഠഭാഗങ്ങൾ ഉൾപെടുത്തണം. സ്ത്രീധനം, സ്ത്രീ സുരക്ഷ, ഗാർഹിക പീഡനം തുടങ്ങിയ വിഷയങ്ങൾ എല്ലാം തന്നെ കുട്ടികൾ മനസിലാക്കിയിരിക്കണം. ചെറിയ പ്രായത്തിൽ തന്നെ കുട്ടികളുടെ മനസ്സിൽ പരസ്പര സ്നേഹം, ബഹുമാനം, കരുതൽ, സ്ത്രീകളുടെയും, പ്രായമായവരുടെയും സുരക്ഷ തുടങ്ങിയ കാര്യങ്ങൾ പതിഞ്ഞു കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ നിലനിൽക്കും. അതിനു പാഠപുസ്തകങ്ങളോളും പറ്റിയ മറ്റൊന്നില്ല. 

സ്ത്രീകളെ സംബന്ധിക്കുന്ന വളരെയേറെ പ്രശ്നങ്ങളാണ് ഇന്നു നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നത്. ഇന്നു ഇതിനെല്ലാം ഒരു പരിഹാരം കാണുക എന്നത് കതിരിൽ വളം വയ്ക്കുന്നത് പോലെയാണ്. എന്നാൽ ഇന്നത്തെ കുട്ടികളെ വേണ്ടവിധം അറിവു നൽകി വളർത്തിയെടുക്കാൻ കഴിഞ്ഞാൽ നാളത്തെ സമൂഹത്തിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കഴിയും. അതിനു സർക്കാരും, വിദ്യാഭ്യാസ സംവിധാനങ്ങളും, വിവിധ സംഘടനകളും ഇന്നു ഒന്നിച്ചു പ്രവർത്തിക്കണം.

കെ വി ജോർജ് 

Comments

Popular posts from this blog

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY

DO WE NEED TRADE UNIONS ANY MORE?