ഉമ്മൻ ചാണ്ടിയുടെ മഹത്വം


ഉമ്മൻ ചാണ്ടിക്ക്‌ എന്തിനാണ് ഇത്രയും മഹത്വ പരിവേഷം നൽകുന്നതെന്നു ചിലർ ആശങ്കപ്പെടുന്നതായി കാണുന്നു. അതു അവരുടെ ഈ പ്രപഞ്ചശക്തികളെ സംബന്ധിച്ചുള്ള അഗാധമായ അറിവിൽ നിന്നും ഉദ്ഭവിച്ച കേവല സംശയം മാത്രമായിരിക്കും. എന്നാൽ ശ്രീ ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി ആ വാഹനം തിരുവനന്തപുരത്തു നിന്നും രാവിലെ 7 മണിക്ക് തിരിക്കുമ്പോൾ കൂടിയാൽ അഞ്ചോ ആറോ മണിക്കൂർ കൊണ്ടു ലക്ഷ്യ സ്ഥാനത്തു എത്തുമെന്നാണ് പ്രതീക്ഷിരുന്നതു, എന്നാൽ ആ വാഹനം എത്തിയത് 36 മണിക്കൂറിനു ശേഷമാണ്. ആ വഴിയിലുടനീളം കാത്തു നിന്ന ലക്ഷക്കണക്കിനു ജനങ്ങൾ ഒരു പരസ്യവും കണ്ടു വന്നവരല്ല. അവർ തങ്ങളുടെ ആത്‌മാർത്ഥമായ സ്നേഹവും നന്ദിയുമായി വന്നവരാണ്. ആ വലിയ മനുഷ്യൻ ജീവിച്ചിരുന്നപ്പോൾ നൽകിയ സ്നേഹം അതെ തൂക്കത്തിൽ തിരിച്ചു നൽകാൻ വന്നവരാണ്. ജനങ്ങളുടെ വേദനയിൽ പങ്കു ചേർന്നാൽ, ആവശ്യം വന്നാൽ അവർ തങ്ങളുടെ ജീവൻ നൽകുമെന്ന് രാഷ്ട്രീയത്തിലുള്ള പുതിയ തലമുറ മനസ്സിലാക്കിയാൽ നന്നായിരുന്നു.

ഇതോടൊപ്പം ഒരു മഹാ സത്യം കൂടി മനസ്സിലാക്കണം. അന്നു രാവിലെ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടത് ഒരു മുൻ കോൺഗ്രസ്‌ മുഖ്യമന്ത്രിയുടെ മൃതദേഹം ആയിരുന്നുവെങ്കിൽ പിറ്റേ ദിവസം പുതുപ്പള്ളിയിൽ എത്തിയത് ഒരു മഹാനായ മനുഷ്യ സ്നേഹിയുടെ ജീവനുള്ള ഓർമ്മകൾ ആയിരുന്നു. ശ്രീ ഉമ്മൻ ചാണ്ടിയെ ഒരു മഹാനായോ വിശുദ്ധനായോ പരിഗണിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദികൾ രാഷ്ട്രീയ മത നേതാക്കൾ ആയിരിക്കുകയില്ല. അതു സാക്ഷാൽ പരമേശ്വരൻ തന്നെ ആയിരിക്കും. മരണം വരെ അതീവ രഹസ്യമായിരുന്ന എണ്ണമറ്റ സ്നേഹം നിറഞ്ഞ അത്ഭുതങ്ങൾ ദശലക്ഷക്കണക്കിന് ജനങ്ങളിലേക്ക് എത്തിയത് ആ അന്ത്യ യാത്രയിലായിരുന്നു.

മരണശേഷം ആ വലിയ മനുഷ്യന്റെ ആത്മാവിനെ ആരെങ്കിലും കുത്തി നോവിക്കാൻ ശ്രമിച്ചാൽ അതിന്റെ ഫലം നിശ്ചയമായും ദൈവ ശിക്ഷ തന്നെ ആയിരിക്കും.

ആത്മശാന്തി നേർന്നുകൊണ്ട്,

കെ വി ജോർജ് 


Comments

Popular posts from this blog

CHURCH WITHOUT CHRIST

POVERTY LEVEL OF INDIA - A COMPARISON BETWEEN INDIAN REPORT AND UNDP REPORT

THOUGHT OF THE DAY